കണ്ണൂർ
അടച്ചു പൂട്ടിയ 2 ക്വാറികളും പ്രവർത്തനം തുടങ്ങി പെടേനയിൽ ജനജീവിതം വീണ്ടും ദുസ്സഹമായി.
പെടേന: പെരിങ്ങോം വയക്കര പഞ്ചായത്തിൽ നാട്ടുകാരുടെ പ്രധിഷേധത്തെ തുടർന്ന് അടച്ചുപൂട്ടിയ 2 ക്വാറികൾ മാനദണ്ഡം പാലിക്കാതെ പ്രവർത്തനം തുടങ്ങിയതോടെ പെടേനയിൽ ജനജീവിതം ദുസ്സഹമായി. ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകുമ്പോൾ പാലിക്കേണ്ടുന്ന നിബന്ധനകളൊന്നും പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കണക്കിൽപ്പെടാത്ത സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത് കേസിൽ പ്രതിയായ ക്വാറിയുടമയ്ക്ക് തന്നെയാണ് വീണ്ടും അനുമതി നൽകിയത്. ക്വാറിയുടമയുടെ പേരിൽ സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ നൽകിയ മറ്റൊരു കേസും നിലവിലുണ്ട്.
മഴക്കാലത്ത് ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചലുണ്ടായ രണ്ടു ക്വാറികളും കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ പ്രവർത്തനം തുടങ്ങുകയായിരുന്നു. ജനങ്ങൾ കുടിവെള്ളമെടുക്കുന്ന കുട്ടിക്കുന്ന് തോടിനോട് ചേർന്ന ക്വാറികൾ പ്രവർത്തനം തുടങ്ങിയതോടെ കുടിവെള്ളക്ഷാമവും രൂക്ഷമാകും. ക്വാറിയിലെ സ്ഫോടനത്തിൽ പെടേനയിൽ നൂറോളം വീടുകളാണ് തകർന്ന് വാസയോഗ്യമല്ലാതായത്.
പഞ്ചായത്തംഗം മുതൽ മുഖ്യമന്ത്രിവരെ പരാതി നൽകിയിട്ടും ജനത്തിന് നീതി കിട്ടുന്നില്ലെന്നാണ് സമരരംഗത്തുള്ള പെടേന ജനകീയസമിതി പ്രവർത്തകരുടെ ആരോപണം. ക്വാറികൾ അടച്ചു പൂട്ടുന്നത് വരെ സമരം തുടരുവാനാണ് ജനകീയ സമിതിയുടെ തീരുമാനം . ഒരു കിലോമീറ്റർ ചുറ്റളവിൽ നാലു ക്വാറികളും, രണ്ട് ക്രഷറുകളും പ്രവർത്തിക്കുന്നത് ശബ്ദ മലിനീകരണത്തിനും, അന്തരീക്ഷ മലിനീകരണത്തിനും കാരണമായെന്ന് ക്വാറി പ്രദേശം സന്ദർശിച്ച പരിസ്ഥിതി പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകിയ അധികൃതരുടെ ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജില്ലാകലക്ടർ, ആർ ഡി ഒ എന്നിവർക്ക് പരാതി നൽകി.