കണ്ണൂർ
തളിപ്പറമ്പിൽ വാതിലിന്റെ ലോക്ക് തകർത്ത് സ്വർണ്ണം കവർന്നു.
കണ്ണൂര്‍ :തളിപ്പറമ്പിൽ വാതിലിന്റെ ലോക്ക് തകർത്ത് വീട്ടിനകത്ത് കടന്ന മോഷ്ടാവ് അഞ്ചുപവൻ സ്വർണ്ണം കവർന്നു. സമീപത്തെ വീട്ടിലും കവർച്ചാശ്രമം നടന്നു. തൃച്ചംബരം ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപത്തെ കെ.വി.ഗോപാലകൃഷ്ണന്റെ ഭാര്യ സാവിത്രിയുടെ സ്വർണ്ണ മാലയാണ് കവർന്നത്.
വീട്ടുകാർ ഉറങ്ങി കിടക്കുന്നതിനിടെ അടുക്കള വാതിലിന്റെ ലോക്ക് തകർത്ത് അകത്തു കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു പവന്റെ സ്വർണ്ണം കവരുകയായിരുന്നു. നാലരപ്പവന്റെ ചെയിനും അര പവന്റെ താലിയും ഉൾപ്പെടുന്ന മാലയാണ് കവർന്നത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു കവർച്ച നടന്നത്. രാവിലെ ആറ് മണിക്ക് വീട്ടുകർ എഴുന്നേറ്റ് അടുക്കളയിലെത്തിയപ്പോഴാണ് വാതിൽ പൊളിച്ച നിലയിൽ കാണപ്പെട്ടത്. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.