കണ്ണൂർ
അസഹനീയ ദുർഗന്ധം, അഴുകിയ മത്സ്യക്കൂമ്പാരം; തള്ളിയ ആളെ കണ്ടെത്തി തിരിച്ചെടുപ്പിച്ച് പിഴയും ഈടാക്കി.
ചാല: ഉപയോഗ ശൂന്യമായ മത്സ്യം ചാല തോട്ടിൽ തള്ളിയ ആളെ കോർപറേഷൻ ആരോഗ്യ വിഭാഗം അധികൃതർ കണ്ടെത്തി. കോട്ടൂർ സ്വദേശിയായ യുവാവിനെ കൊണ്ടു തന്നെ തിരിച്ചെടുപ്പിച്ച് പിഴയും ഈടാക്കി. ഞായറാഴ്ച രാവിലെ ചാല പാലത്തിനടിയിൽ അസഹനീയ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികൾ പരിശോധിച്ചപ്പോഴാണ് തോട്ടിലെ വെളളത്തിനടിയിൽ മത്സ്യക്കൂമ്പാരം കണ്ടെത്തിയത്. തോട്ടിൽ അഴുകിയ മത്സ്യം തള്ളിയതിനെ തുടർന്ന് പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് തോട്ടിൽ നിന്നുവെള്ളം എടുക്കാൻ പറ്റാത്ത സാഹചര്യവും പരിസരവാസികൾക്ക് മാലിന്യം തള്ളുന്നത് കൊണ്ടുണ്ടാകുന്ന ദുരിതവും മനോരമ വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു.
ഇത് ശ്രദ്ധയിൽ പെട്ട മേയർ ടി.ഒ.മോഹനനും കോർപറേഷൻ ആരോഗ്യ വിഭാഗം അധികൃതരും തോട്ടിൽ മത്സ്യം തള്ളിയ ആളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് ഇന്നലെ മാലിന്യം തള്ളിയ ആളെ കണ്ടെത്തി. കോർപറേഷൻ എടക്കാട് ഹെൽത്ത് ഇൻസ്പെക്ടർ സി.എം.രാജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ, രാഹുൽ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.