കണ്ണൂർ

ഗുണവും രുചിയുമുള്ള കല്ലുമ്മക്കായ വിളഞ്ഞിരുന്ന കടൽ പാറകൾ; ചേരക്കല്ലിലും ചാമുണ്ഡിക്കല്ലിലും എന്ത് സംഭവിച്ചു…

തോട്ടട ∙ ജില്ലയിൽ ഏറ്റവും കൂടുതൽ കല്ലുമ്മക്കായ വിളയുന്ന ഏഴര കടൽത്തീരത്തെ മാറ്റങ്ങൾ പഠിക്കണമെന്ന് ആവശ്യം. കല്ലുമ്മക്കായ വളർച്ച കുറയുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. കല്ലുമ്മക്കായകൾക്ക് എന്തു സംഭവിച്ചുവെന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഏഴര കടൽ തീരത്തെ ചേരക്കല്ല്, ചാമുണ്ഡിക്കല്ല്, ചെക്യാൻ കല്ല്, വാണിയൻ കല്ല്, പരപ്പൻ കല്ല്, എടപ്പേത്ത് പാറ, ആനാക്കുഴി എന്നീ പാറകളിലാണ് അടുത്ത കാലം വരെ കല്ലുമ്മക്കായ സുലഭമായിരുന്നു. മൈറ്റിൽഡെ എന്ന ഷെൽഫിഷ് വിഭാഗത്തിൽപ്പെട്ട കല്ലുമ്മക്കായയിൽ 32 വിഭാഗങ്ങൾ ഉണ്ടെന്നു ജീവശാസ്ത്രജ്ഞർ പറയുന്നു.

ഇവയിൽ മൂന്നിനമാണ് ഭക്ഷ്യയോഗ്യം. പച്ച നിറത്തിൽ പുറം തോടുള്ള പെർണ വിറിഡിസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇനം, തവിട്ട് പുറം തോടുള്ള പെർണ ഇൻഡിക്, നീല പുറം തോടുള്ള മെറ്റിലസ് ഇഡുലിസ് എന്നിവയാണ് ഭക്ഷ്യയോഗ്യമായവ. ഈ മൂന്നും ഏഴര കടലിലെ പാറകളിൽ വിളയുന്നുണ്ട്. ഏഴര തീരം കൂടാതെ കോഴിക്കോട് തിക്കോടി വെള്ളിയാങ്കല്ലിലും മംഗളൂരുവിലുമാണ് പ്രകൃതിദത്ത കല്ലുമ്മക്കായ കൂടുതലായി കാണുന്നത്. പ്രജനന കാലത്തുണ്ടാകുന്ന അമിതമായ വിളവെടുപ്പാണ് കുറയാൻ കാരണമെന്ന് കല്ലുമ്മക്കായ പ്രേമികൾ സംശയിക്കുന്നു.

ചിങ്ങം കന്നി മാസങ്ങളിലാണ് ഇവയുടെ പ്രജനനകാലം. മുൻപൊക്കെ ഏഴരയിലും പരിസരത്തും ഉള്ളവർ മാത്രമാണ് പാറകളിൽ നിന്ന് കല്ലുമ്മക്കായ വിളവെടുത്തിരുന്നത്. ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെപ്പേർ ഏഴരയിൽ എത്തി കല്ലുമ്മക്കായ വിളവെടുപ്പ് നടത്തുന്നുണ്ട്. ഇക്കൂട്ടത്തിൽ കല്ലുമ്മക്കായ പറിക്കാൻ അറിയാത്തവരാണ് ഏറെയുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

പാകമാകാത്തവ കൂട്ടത്തോടെ പറിച്ച് പിന്നീട് ഉപേക്ഷിക്കുകയാണ് പതിവ്. കടലിലെ മലിനീകരണവും കല്ലുമ്മക്കായ പ്രജനനത്തെ ബാധിക്കുന്നതായി വാദങ്ങളുണ്ട്. കീടനാശിനികൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ കല്ലുമ്മക്കായയുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കും. നിലവിൽ കല്ലുമ്മക്കായ കൃത്രിമമായി ഉൽപാദിപ്പിക്കുന്നുണ്ട്. കടൽ പാറകളിൽ ഉണ്ടാകുന്നവയുടെ ഗുണവും രുചിയും ഇവയ്ക്ക് ഇല്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close