ഇരിട്ടി
സംഭരണം പ്രഖ്യാപനം മാത്രം; നഷ്ടക്കണക്കിന്റെ കശുവണ്ടിക്കൃഷി
ഇരിട്ടി∙ കശുവണ്ടിക്കു വിപണിയിൽ ലഭിച്ചുകൊണ്ടിരുന്നതിലും കുറഞ്ഞ തുകയുമായി തറവില പ്രഖ്യാപനം നടത്തിയതിനു പിന്നാലെ സംഭരണ പ്രഖ്യാപനവും പാളി. ചീമേനിയിൽ കശുവണ്ടി സംഭരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി നടത്തിയെങ്കിലും ജില്ലയിൽ ഇന്നലെയും സംഭരണം തുടങ്ങിയില്ല. സർക്കാർ അവഗണന തുടരുമ്പോൾ വിപണിയിൽ ദിവസവും വില ഇടിയുകയാണ്. സീസൺ തുടക്കത്തിൽ 128 രൂപ കിലോഗ്രാമിനു ലഭിച്ചിരുന്നു. സീസൺ വൈകി ഒരാഴ്ച മുൻപ്, വിപണിയിൽ 115 രൂപ വില ഉള്ളപ്പോഴാണു സർക്കാർ 105 രൂപ തറവില പ്രഖ്യാപിക്കുന്നത്.
സംഭരണ ഏജൻസികൾക്ക് 10 രൂപ ഹാൻഡ്ലിങ് ചാർജ് നൽകേണ്ടതിനാൽ കർഷകർക്ക് 95 രൂപയേ ലഭിക്കൂ. വിപണിയിൽ ലഭിച്ചിരുന്നതിലും 20 രൂപ കുറവു വരുന്ന വിധം തറവില പ്രഖ്യാപിച്ചതോടെ വ്യാപാരികൾ ദിവസവും വില താഴ്ത്തുകയാണ്. ഇന്നലെ വില 97 രൂപയാണ്. സീസൺ തുടക്കത്തിൽ കിട്ടിയിരുന്നതിലും കിലോയ്ക്ക് 31 രൂപ കുറവാണ് ഇപ്പോൾ ലഭിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം കശുവണ്ടി ഉൽപാദിപ്പിക്കുന്നത് കണ്ണൂർ, കാസർകോട് ജില്ലകളുടെ മലയോരങ്ങളിലാണ്. കണ്ണൂരിൽ കഴിഞ്ഞ വർഷം ശരാശരി 25000 ടണ്ണും കാസർകോട് 15000 ടണ്ണും ആയിരുന്നു ഉൽപാദനം.
സംഭരണം നടത്തും
കണ്ണൂർ ജില്ലയിൽ നാളികേര സംഭരണത്തിനു നടപടി ആരംഭിച്ചിരുന്നെങ്കിലും കാര്യങ്ങൾ ഫലപ്രദമായി മുന്നോട്ടുപോയില്ല. ചിറ്റാരിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് സംഭരണത്തിനു സന്നദ്ധത അറിയിക്കുകയും ഈ സംഘത്തെ ഏജൻസിയായി സർക്കാർ നിയോഗിക്കുകയും ചെയ്തു. സംഭരണ വിലയായ 32 രൂപയ്ക്കു പൊതുമാർക്കറ്റിൽ നാളികേരം സംഭരിക്കുന്നതിനാൽ ആവശ്യക്കാർ ഉണ്ടെങ്കിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ മതി എന്ന നിർദേശമാണു ബാങ്കിനു ലഭിച്ചത്. നാളികേര സംഭരണത്തിനു ബാങ്ക് സന്നദ്ധമാണെന്നു ബാങ്ക് പ്രസിഡന്റ് കെ.സി.അജിത് കുമാർ പറഞ്ഞു. സംസ്ഥാന – കേന്ദ്ര സർക്കാരിൽ നിന്നു ഫണ്ട് ലഭ്യമാകാൻ താമസമുണ്ടായാലും സ്വന്തമായ നിലയിൽ സംഭരണത്തിന് ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.