കണ്ണൂർ

പകൽ പൊള്ളുന്ന ചൂട്, രാത്രി കൊടുംതണുപ്പ്; രണ്ടാം ദിവസവും രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ.

കണ്ണൂർ : ധനുമാസ പകലിൽ വിയർത്തൊലിച്ച് ജില്ല. പകൽ മുഴുവൻ കൊടിയ ചൂടും രാത്രിയോടെ തണുപ്പും ചേർന്ന കാലാവസ്ഥയാണ് ജില്ലയിൽ. ഫെബ്രുവരി– മാർച്ച് മാസങ്ങളിലെ ചൂടിനു സമാനമായ രീതിയിൽ ഉരുകിയൊലിക്കുന്ന കനത്ത ചൂടാണ് പകൽ മുഴുവൻ. പ്രളയത്തിനു ശേഷം ഇതാദ്യമായാണ് ജില്ലയിൽ ഇത്രമാത്രം പകൽ ചൂട് ഡിസംബറിൽ അനുഭവപ്പെടുന്നത്. 35 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ പകലത്തെ ശരാശരി താപനില.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോർഡ് പ്രകാരം സമതല പ്രദേശങ്ങളിൽ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കർണാടകയിലെ കാർവാറിൽ (35.6 ഡിഗ്രി സെൽഷ്യസ്) ആണ്. രണ്ടാമത് ചൂട് കൂടുതൽ കണ്ണൂരിലുമായിരുന്നു. 35.4 ഡിഗ്രി സെൽഷ്യസ്. തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതും കണ്ണൂരിൽ ആണ്. 35.9 ഡിഗ്രി സെൽഷ്യസ് ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പകൽ കത്തുന്ന ചൂടാണെങ്കിൽ രാത്രിയിൽ ധനുമാസക്കുളിർ നന്നായി അനുഭവിക്കാം. 21–22 ഡിഗ്രി സെൽഷ്യസാണ് രാത്രിയിലെ ശരാശരി തണുപ്പ്.

സന്ധ്യമയങ്ങുന്നതോടെ തണുപ്പു തുടങ്ങും. മലയോരങ്ങളിൽ തണുപ്പിനൊപ്പം മഞ്ഞും അനുഭവപ്പെടുന്നുണ്ട്. സന്ധ്യയ്ക്ക് തുടങ്ങുന്ന തണുപ്പ് പുലരുമ്പോഴും തുടരും. സൂര്യൻ ഉദിച്ചുയർന്ന് അന്തരീക്ഷമാകെ ചൂടുപിടിക്കുമ്പോൾ രാവിലെ പത്തുമണിയെങ്കിലുമാകും. തണുപ്പ് ആസ്വദിക്കാൻ ജില്ലയുടെ മലയോര ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ. ഡിസംബറിലെ കൊടുംതണുപ്പ് 3 വർഷമായി ജില്ലയിൽ കാര്യമായി അനുഭവപ്പെട്ടിരുന്നില്ല.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close