ഇരിട്ടി

പുന്നാട് മിനിലോറികൾ കൂട്ടിയിടിച്ചും മാക്കൂട്ടത്ത് കാർ മറിഞ്ഞും അപകടം

ഇരിട്ടി ∙ തലശ്ശേരി – കുടക് അന്തർ സംസ്ഥാന പാതിയിൽ പുന്നാട് കുന്നിറക്കത്തിൽ മിനി ലോറികൾ കൂട്ടിയിടിച്ചും മാക്കൂട്ടത്ത് കാർ കൊക്കയിലേക്കു മറിഞ്ഞും 7 പേർക്കു പരുക്ക്. കല്ലു കയറ്റി മട്ടന്നൂർ ഭാഗത്തേക്കു പോയ ലോറിയും നാദാപുരത്തു നിന്ന് കല്ല് ഇറക്കി കുന്നോത്തേക്ക് പോയ ലോറിയും ആണു പുന്നാട് കുന്നിറക്കത്തിൽ കൂട്ടിയിടിച്ചത്.

പരുക്കേറ്റ കല്ലുമുട്ടിയിലെ വിനോദ് (42), കുന്നോത്തെ ടോമി (53), മുഴക്കുന്ന് സ്വദേശികളായ വിപിൻ (22), സുധി (33) എന്നിവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ലോറിയുടെ മുൻഭാഗം തകർന്നു. മറ്റൊന്നിന്റെ പിന്നിലെ 2 ടയറും ഊരി തെറിച്ചു. മാക്കൂട്ടം ചുരത്തിൽ ഹനുമാൻ ക്ഷേത്രത്തിനു സമീപം 100 മീറ്ററോളം താഴ്ചയിലേക്കാണ് കാർ നിയന്ത്രണം വിട്ടു മറിഞ്ഞത്.

കണ്ണൂർ സ്വദേശികളായ 3 പേർക്കു പരുക്കേറ്റു. ബെംഗളൂരുവിൽ നിന്നു കണ്ണൂരിലേക്കു വന്ന യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതുവഴി വന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാർ ഏറെ പരിശ്രമിച്ചാണ് യാത്രക്കാരെ രക്ഷപ്പെടുത്തി ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മഞ്ഞും മഴയും കാരണം വഴി വ്യക്തമാകാതെ പോയതാണ് അപകടകാരണം എന്നു സംശയിക്കുന്നു. ചുരം പാതയിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നു കർണാടക പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close