കേരളം
കുട്ടികളിൽ തക്കാളിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു..
സംസ്ഥാനത്ത് കുട്ടികളിൽ തക്കാളിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. 80ലധികം കുട്ടികൾക്കാണ് ഒരു മാസത്തിനുള്ളിൽ രോഗം ബാധിച്ചത്.
സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണ് രോഗബാധിതരായത്. രോഗകാരണം കണ്ടെത്താനായിട്ടില്ല. കൃത്യമായ രോഗലക്ഷണങ്ങൾ ഉണ്ടാകില്ലെന്നതിനാൽ ഇവ കണ്ടെത്താനും വൈകുന്നുണ്ട്.
രോഗബാധിതർക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന നിറത്തിലുള്ള കുമിളകൾ കാണപ്പെടും. അതിനാലാണ് തക്കാളിപ്പനിയെന്ന് വിളിക്കുന്നത്.
ചൊറിച്ചിൽ, ചർമത്തിൽ തടിപ്പ്, ശരീര വേദന, പനി, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. ഡെങ്കിപ്പനിയും ചിക്കുൻ ഗുനിയയും ബാധിക്കുന്ന അതേ വൈറസുകളാണ് തങ്കാളിപ്പനിക്കും കാരണമാകുന്നത് എന്ന സംശയത്തിലാണ് ആരോഗ്യ വകുപ്പ്.
എന്നാലിത് സ്ഥിരീകരിച്ചിട്ടില്ല.
ശരിയായി ശ്രദ്ധ നൽകിയില്ലെങ്കിൽ രോഗം വേഗം പകരുകയും ചെയ്യും. ശരീരത്തിൽ കുമിളകൾ കണ്ടാൽ അവ ചൊറിയാനോ പൊട്ടിക്കാനോ പാടില്ല. ഇത് തൊലി പറിഞ്ഞു പോകുന്നതിന് കാരണമാകും. രോഗബാധിതർക്ക് നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി ഇടക്കിടെ ധാരാളം വെള്ളം നൽകണം. ശരീര ശുചിത്വം പാലിക്കണം.