കണ്ണൂർ

‘സഖാവ് അറാക്കൽ’ 4ന് അരങ്ങിൽ

കൊളച്ചേരിയുടെ സമര ചരിത്രത്തിൽ രക്തംപുരണ്ട കിരാത നാളായിരുന്നു 1950 മെയ് നാല്. ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടുമൊരു മെയ് നാലിന് പാടിക്കുന്നിന്റെ പിന്മുറക്കാർ സ്മരണ പുതുക്കുമ്പോൾ അരങ്ങിൽ വീണ്ടും ചരിത്രം പിറവിയെടുക്കുന്നു.

കൊളച്ചേരി  നാടക സംഘത്തിന്റെ മൂന്നാമത് നാടകമായ ‘സഖാവ് അറാക്കൽ’ മോറാഴ സമര നായകൻ അറാക്കൽ കുഞ്ഞിരാമന്റെ പോരാട്ട വീര്യവും പാടിക്കുന്നിന്റെ പുത്രന്മാരുടെ ധീരതയുമാണ് വരച്ചുകാട്ടുന്നത്‌. നാടകത്തിന്റെ ആദ്യ അവതരണം ബുധനാഴ്‌ച ഭാവനാ ഗ്രൗണ്ടിൽ നടക്കും. അറാക്കൽ കുഞ്ഞിരാമന്റെ പോരാട്ട ജീവിതത്തിന് പ്രാധാന്യം നൽകിയാണ് നാടകം അരങ്ങിലെത്തുന്നത്.  പാടിക്കുന്ന് രക്തസാക്ഷികളായ രൈരു നമ്പ്യാരും ഗോപാലനും കുട്ട്യപ്പയും മോറാഴ സമര നായകൻ കെ പി ആർ ഗോപാലനും കർഷകസംഘം സ്ഥാപക നേതാവ്‌ വിഷ്ണുഭാരതീയനും കഥാപാത്രങ്ങളാണ്.  പുരോഗമന കലാ സാഹിത്യസംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീധരൻ സംഘമിത്രയുടെ രചനയിൽ ഹരിദാസ് ചെറുകുന്നാണ് നാടക സംവിധാനം.

കൊളച്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും കലാകാരന്മാരാണ് അഭിനേതാക്കൾ.  അറാക്കൽ കുഞ്ഞിരാമനായി പുഷ്പജൻ കെ പാപ്പിനിശേരിയാണ്  വേഷമിടുന്നത്.  കരിവെള്ളൂർ മുരളി ഗാനരചനയും രഘുരാജ് ചാലോട് സംഗീത സംവിധാനവും രഞ്ജിത്ത് ശ്രീധർ ഗാനാലാപനവും നിർവഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close