കണ്ണൂർ
പാടിയോട്ടുചാൽ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ലെന്നു പരാതി
പാടിയോട്ടുചാൽ ∙ റോഡ് നവീകരണവും ബസ് സ്റ്റാൻഡ് നിർമാണവും നടന്നിട്ടും പാടിയോട്ടുചാൽ ടൗണിലെ ഗതാഗതകുരുക്കിനു പരിഹാരമില്ലെന്നു പരാതി. നൂറു കണക്കിന് ബസുകൾ സർവീസ് നടത്തുന്ന മെയിൻ റോഡരികിൽ സ്വകാര്യ വാഹനങ്ങളും ടാക്സികളും തലങ്ങും വിലങ്ങും നിർത്തിയിടുന്നതാണു ഗതാഗത കുരുക്കിനു പ്രധാനകാരണം. വ്യാപാര സ്ഥാപനങ്ങളിൽ ചരക്ക് ഇറക്കുന്നതും കയറ്റുന്നതും മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും പരാതിയുണ്ട്. ഭാരവാഹനങ്ങൾക്കു കടന്നുപോകുവാൻ കഴിയാത്ത വിധം ആണ് ഇരുവശങ്ങളിലും ചെറുവാഹനങ്ങൾ നിർത്തിയിടുന്നത്.
പെരിങ്ങോം വയക്കര പഞ്ചായത്തിലെ തിരക്കേറിയ പാടിയോട്ടുചാൽ, പെരിങ്ങോം ടൗണുകളിൽ ഗതാഗത പരിഷ്കാരം നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. സ്വകാര്യ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതു നിയന്ത്രിച്ചാൽ തന്നെ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ നിയന്ത്രിക്കാം എന്നാണു വ്യാപാരികൾ പറയുന്നത്. ടൗണിലെ പ്രധാന വളവായ മുത്തപ്പൻ മടപ്പുരയ്ക്കു സമീപം പോലും വാഹനങ്ങൾ നിർത്തിയിടുന്നതു പതിവുകാഴ്ചയാണ്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനു പഞ്ചായത്തും ചെറുപുഴ, പെരിങ്ങോം പൊലീസും ഇടപെടണമെന്നാണു നാട്ടുകാർ പറയുന്നത്.