കേരളം

വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിലക്കി; അമ്മയോടുള്ള ദേഷ്യത്തിൽ മകൻ വീടിന് തീവെച്ചു.

കൊല്ലം: വീട്ടിലിരുന്ന് മദ്യപിക്കുന്നത് അമ്മ വിലക്കിയതിലുള്ള ദേഷ്യത്തില്‍ മകന്‍ വീടിനു തീവെച്ചു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ കോട്ടുക്കലാണ് സംഭവം. വയല, മണ്ണൂര്‍ എന്ന സ്ഥലത്ത് മക്കാട്ട് ഓഡിറ്റോറിയത്തിനു സമീപം കണ്ണമത്ത് വീട്ടില്‍ കുഞ്ഞച്ചന്‍റെ മകന്‍ ബിജു (44) എന്നയാളാണ് വീടിന് തീവെച്ചത്. ഇയാളെ ഇന്ന് ഉച്ചയോടെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടുകൂടി കടയ്ക്കല്‍ പോലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ബിജുവും അമ്മ മറിയാമ്മയും താമസിച്ചുവന്ന വീടിനാണ് പ്രതി തീവെച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചോര്‍ച്ച തടയുന്നതിനായി വീടിന്റെ വടക്കുഭാഗം മേല്‍ക്കൂരയില്‍ വച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റില്‍ പ്രതി ലൈറ്റര്‍ ഉപയോഗിച്ച്‌ തീകൊളുത്തുകയായിരുന്നു. തീ പടര്‍ന്നു പിടിച്ച്‌ വീട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കുന്നത് പ്രതിയുടെ അമ്മ വിലക്കിയതിലുള്ള വിരോധത്താല്‍ ആണ് പ്രതി വീടിന് തീ വെച്ചത്. ബിജുവിന്റെ അമ്മയുടെ പരാതിയെ തുടര്‍ന്ന് കടയ്ക്കല്‍ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കടയ്ക്കല്‍ സ്റ്റേഷനിലെ മറ്റ് ആറു കേസുകളിലെ പ്രതി കൂടിയാണ് ബിജു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close