കേരളം

സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്; ജാഗ്രതയിൽ പൊലീസ്.

തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത്​ പ്രതിഷേധങ്ങള്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്.

അതിന്‍റെ അടിസ്ഥാനത്തില്‍ അതി ജാഗ്രതയിലുള്ള നടപടികളുമായി പൊലീസും. കഴിഞ്ഞ ദിവസം ഡി.ജി.പിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും ഈ മുന്നറിയിപ്പ് ചര്‍ച്ചയായതായാണ്​ വിവരം. രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നും രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന മുന്നറിയിപ്പുകള്‍ വളരെ ഗൗരവമായി കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ക്രമസമാധാന നില ഉറപ്പാക്കാന്‍ അതി ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ആ സാഹചര്യത്തില്‍ പ്രശ്ന സാധ്യതയുള്ള മേഖലകളില്‍ ​പൊലീസ് പട്രോളിങ്​ ശക്തമാക്കും. അനാവശ്യമായി ആളുകള്‍ ഒത്തു​ചേരുന്നത്​ ഒഴിവാക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. കഴിഞ്ഞ ദിവസം ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്തിരുന്നു. ആലപ്പുഴയിലുണ്ടായ എസ്​.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്നുള്ള പൊലീസ് നടപടികളും യോഗം വിലയിരുത്തി. അത്തരം സംഭവങ്ങളുണ്ടാകാതിരിക്കാന്‍ എല്ലാ ജില്ലകളിലും പൊലീസ്​ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. പൊലീസ്​ അതിക്രമ സംഭവങ്ങള്‍ ഒഴിവാക്കാനും ഗുണ്ട, മാഫിയ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഏര്‍പ്പെടുത്തിയ സ്ക്വാഡുകള്‍ ഉള്‍പ്പെടെ സംവിധാനത്തെക്കുറിച്ചും ‘ഓപറേഷന്‍ കാവല്‍’ പദ്ധതിയുടെ പുരോഗതിയും പൊലീസ്​ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കു​ മുന്നില്‍ വിശദീകരിച്ചു. ഒമിക്രോണ്‍ വ്യാപന സാഹചര്യം കണക്കിലെടുത്ത്​ പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുള്ള നടപടികളും പൊലീസ്​ കൈക്കൊള്ളും. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ വിഷയത്തില്‍ അതി ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും തീരുമാനമായിട്ടുണ്ട്​

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close