കണ്ണൂർ
ട്രാക്കിനു സമീപത്തെ കുഴി അടച്ചു; ട്രെയിൻ സർവീസുകൾ സാധാരണ നിലയിൽ
കണ്ണൂർ ∙ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കഴിഞ്ഞ ദിവസം രാത്രി കുഴി രൂപപ്പെട്ട ഭാഗം പാലക്കാട് ഡിവിഷൻ റെയിൽവേ എൻജിനീയർ എ.വി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. എരഞ്ഞിക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപം രൂപപ്പെട്ട ഗർത്തം സമീപവാസികളുടെ സമയോചിത ഇടപെടലിനെത്തുടർന്നാണു റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഗർത്തം താൽക്കാലികമായി മൂടിയ ശേഷം രാത്രിയിൽ വേഗം കുറച്ച് ട്രെയിനുകൾ കടത്തിവിട്ടിരുന്നു.
രാവിലെയോടെ മണൽ നിറച്ച ചാക്കുകൾ നിരത്തി കുഴി പൂർണമായും അടച്ചു. തുടർന്ന് ട്രെയിനുകൾ സാധാരണ നിലയിൽ കടത്തിവിടാൻ തുടങ്ങി. നിലവിൽ അപകടസാധ്യതയില്ലെന്നും ട്രാക്കിനു താഴെക്കൂടി പൈപ്പ് ലൈൻ സ്ഥാപിച്ചതിനെത്തുടർന്ന് മണ്ണ് നീങ്ങിയാണ് കുഴി രൂപപ്പെട്ടതെന്നു മനസ്സിലാക്കുന്നതായും റെയിൽവേ ഡിവിഷനൽ എൻജിനീയർ മനോരമയോടു പറഞ്ഞു. അസി. ഡിവിഷനൽ എൻജിനീയർ വെങ്കിട്ടരമേഷ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.